09:42pm 06 August 2026
NEWS
''മലബാറിൽ നിന്നുള്ളവർ തിരുവനന്തപുരത്ത് വന്ന് 'തിന്ന് കുടിച്ച് മുടിച്ച' ശേഷമാണ് മടങ്ങുന്നത്''; സിപിഎം നേതാവിന്റെ പ്രസംഗം വിവാദത്തിൽ
06/08/2026  07:32 AM IST
nila
മലബാറിൽ നിന്നുള്ളവർ തിരുവനന്തപുരത്ത് വന്ന് തിന്ന് കുടിച്ച് മുടിച്ച ശേഷമാണ് മടങ്ങുന്നത്; സിപിഎം നേതാവിന്റെ പ്രസംഗം വിവാദത്തിൽ

കൊല്ലം: മലബാർ മേഖലയിലെ ജനങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശവുമായി സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ. ജോൺസൺ. സെക്രട്ടേറിയറ്റിലേക്കും മന്ത്രിമാരുടെ ഓഫീസുകളിലേക്കും മലബാറിൽനിന്ന് ആളുകൾ കൂട്ടത്തോടെ എത്തുന്നതാണ് തിരുവനന്തപുരത്ത് തിരക്കും ബുദ്ധിമുട്ടും സൃഷ്ടിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

കൊട്ടാരക്കര ഉമ്മന്നൂർ പഞ്ചായത്തിൽ നടന്ന എൽഡിഎഫ് യോഗത്തിൽ സംസാരിക്കവെയാണ് പി.കെ. ജോൺസൺ വിവാദ പരാമർശങ്ങൾ നടത്തിയത്.  മലപ്പുറം, കാസർകോട് തുടങ്ങിയ മലബാർ ഭാഗങ്ങളിൽനിന്ന് ബസ് പിടിച്ച് ആളുകൾ തിരുവനന്തപുരത്ത് വരികയാണ്. അവിടെ ഒന്നുരണ്ടാഴ്ച താമസിച്ച് കാര്യങ്ങൾ സാധിച്ച് 'തിന്ന് കുടിച്ച് മുടിച്ച' ശേഷമാണ് അവർ മടങ്ങുന്നത്. തിരുവനന്തപുരത്ത് ഒരു ഹോട്ടലിൽ മുറി കിട്ടണമെങ്കിൽ ആറുമാസം മുൻപ് ബുക്ക് ചെയ്യേണ്ട അവസ്ഥയാണെന്നും മലബാർ ഭാഗങ്ങളിൽനിന്നുള്ളവർ വന്ന് മുറികളെല്ലാം കൈക്കലാക്കുകയാണെന്നും ഏരിയ സെക്രട്ടറി ആരോപിച്ചു. 

ഇതുമൂലം മന്ത്രിമാരുടെ ഓഫീസുകളിലേക്കും സെക്രട്ടേറിയറ്റിലേക്കും എത്തുന്ന പ്രാദേശിക ജനങ്ങൾക്ക് പോലും കാര്യങ്ങൾ നടത്താൻ പ്രയാസമാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് ഹോട്ടൽ മുറികൾ ലഭിക്കാത്ത സാഹചര്യമുണ്ടായതും മലബാറിൽനിന്നുള്ളവരുടെ തിരക്കുമൂലമാണെന്നും അദ്ദേഹം പറഞ്ഞു.

മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ ഉൾപ്പെടെ നിരവധി നേതാക്കൾ സന്നിഹിതരായിരുന്ന യോഗത്തിലായിരുന്നു ഈ പരാമർശങ്ങൾ. പ്രസംഗം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും വ്യാപക വിമർശനത്തിനും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img